Tuesday, May 17, 2011

ഓര്‍മ്മകള്‍ ഇല്ലാത്തവരുടെയും മരിച്ചു പോയവരുടെയും കവിത.



പകലുകള്‍ വന്നും പോയും ഇരിക്കുന്നു.  
അവയ്കിടയിലൂടെ രാത്രികളും.

ദൂരെ, പ്രപഞ്ചത്തിന്റെ അറ്റത്തുള്ള ഏതോ ഗ്രഹത്തില്‍
താമസിക്കുവാന്‍ തീരുമാനിച്ചതോടെ
പകലുകള്‍ വെറുതെ വന്നും പോയും മാത്രം ഇരിക്കുന്നു. 
രാത്രികളും.

ഭൂതകാലത്തെ കൊല ചെയ്ത ശേഷം
വര്‍ത്തമാനം സ്വത്വം രക്ഷിക്കാന്‍ 
ഓടിക്കൊണ്ടേയിരിക്കുന്നു.
വരണ്ട മരുഭൂമിയും
ഉള്‍ക്കാട്ടിലെ അരുവിയും
ആ ഓട്ടത്തില്‍ ഒരുപോലിരുന്നു

ഭൂതകാലത്തെ കൊലചെയ്തതുകൊണ്ട്
വര്‍ത്തമാനത്തിനു ഓര്‍മ്മകള്‍ ഉണ്ടായിരുന്നില്ല 
ഓര്‍മ്മകള്‍ ഇല്ലാത്തതിനാല്‍ മനസ്സും
മനസ്സില്ലാതതിനാല്‍ സുഖദുഃഖങ്ങളും 
ഉണ്ടായിരുന്നില്ല.

ഈ ഗ്രഹത്തില്‍ നിഷ്പന്ദമായ
പകലുകളും രാത്രികളും മാത്രമേ ഉള്ളൂ

1 comment:

  1. നിഷ്പന്ദമായ രാപകലുകളൂടെ
    ഓര്‍മ്മകള്‍ ഇല്ലാത്തവരുടെ
    ഈ ഗ്രഹം
    നന്നായിട്ടുണ്ട് കല്പനകള്‍

    ReplyDelete